
ഏറെ തർക്കങ്ങൾക്ക് ശേഷമാണ് കേരളത്തിലെ കോൺഗ്രസ് അധ്യക്ഷനെ മാറ്റി പുതിയൊരാളെ നിയോഗിച്ചിരിക്കുന്നത്. മലയോര മേഖലയിൽ നിന്നുള്ള സണ്ണി ജോസഫ് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരൻെ അടുത്ത അനുയായിയുമാണ്. കെ സുധാകരൻ കണ്ണൂർ ഡിസിസി പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് നിർദ്ദേശിച്ചതും ഇതേ സണ്ണി ജോസഫിനെയായിരുന്നു. എന്നാൽ, കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതാക്കൾ സ്വപ്നം കാണുന്ന കേരളത്തിന്റെ ഭരണം എന്ന ലക്ഷ്യം നേടാൻ കെപിസിസി പുനസംഘടനയിലൂടെ കഴിയുമോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.
കണ്ണൂരിലെ പേരാവൂർ നിയമസഭാ മണ്ഡലത്തെ മൂന്നു തവണയായി നിയമസഭയിൽ പ്രതിനിധീകരിക്കുന്ന സണ്ണി ജോസഫ് പാർട്ടിയുടെ അമരത്തേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്. ക്രിസ്ത്യൻ സഭകളെ കൂടെനിർത്താൻ ഒരു ക്രിസ്ത്യാനിയെ കെപിസിസി പ്രസിഡന്റാക്കണം എന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കിട്ടിയ ഉപദേശത്തിന്റെ ഉപോത്പന്നമാണ് സണ്ണി ജോസഫ് എന്ന കെപിസിസി പ്രസിഡന്റ്. ക്രിസ്ത്യാനി കെപിസിസി പ്രസിഡന്റാകണമെങ്കിൽ അത് ആന്റോ ആന്റണിയാകും എന്നായിരുന്നു കോൺഗ്രസിനകത്തും പുറത്തുമുള്ളവരുടെ പ്രതീക്ഷ. എന്നാൽ, സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ താൻ ഒഴിയുകയാണെങ്കിൽ തന്റെ അടുത്ത അനുയായിയായ സണ്ണി ജോസഫ് തന്നെ അടുത്ത അധ്യക്ഷനാകണം എന്ന് കർശന നിലപാടെടുത്തു എന്നാണ് സൂചന. ഇതോടെയാണ് സണ്ണി ജോസഫിന് അപ്രതീക്ഷിതമായി അധ്യക്ഷപദവി ലഭിച്ചത്.
സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ ഓരോ നേതാക്കൾക്കും ഓരോ ലക്ഷ്യമുണ്ട്. നിലവിൽ അരഡസൻ കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്നത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റിയാൽ അദ്ദേഹത്തിന്റെ അവകാശവാദം ഒഴിവാകും എന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ക്ലബ്ബിലുള്ള കോൺഗ്രസ് നേതാക്കൾ കരുതുന്നു. പുതുതായി വരുന്ന കെപിസിസി പ്രസിഡന്റ് ശക്തനാണെങ്കിൽ അദ്ദേഹവും ഈ ക്ലബ്ബിലേക്ക് വരും എന്ന് ഇവർ ആശങ്കപ്പെടുന്നുണ്ട്. അതിനാൽ സണ്ണി ജോസഫിനെ അക്കോമഡേറ്റ് ചെയ്യുന്നതിൽ വലിയ തർക്കം ഉയർന്നില്ല.
സഭയാണ് സണ്ണി ജോസഫിന് അനുകൂലമായ പ്രധാന ഘടകം. കേരളത്തിൽ കോൺഗ്രസിന്റെ അതിശക്തമായ വോട്ടുബാങ്കായിരുന്നു ക്രിസ്ത്യൻ വിഭാഗം. കേരള കോൺഗ്രസ് എം ഇടതു മുന്നണിയിലേക്ക് പോയതോടെ ആ വോട്ടുബാങ്കിൽ വിള്ളൽ വീണു. പല ക്രിസ്ത്യൻ സഭകളും ബിജെപിയോട് അടുക്കുന്നതും കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതോടെയാണ് ക്രിസ്ത്യൻ വിഭാഗത്തെ പിടിച്ചുനിർത്താൻ ഒരു ക്രിസ്ത്യൻ നേതാവിനെ ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്നത്.
കെ സുധാകരനാണ് സണ്ണി ജോസഫിന് കെപിസിസി പ്രസിഡന്റാകാനുള്ള മറ്റൊരു പ്രധാന ഘടകം. അധ്യക്ഷ പദവി ഒഴിയില്ല എന്ന പിടിവാശി കെ സുധാകരനുണ്ടായിരുന്നു. തന്റെ നേതൃത്വത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ പാർട്ടി നേരിടുന്നതും ഇടതുമുന്നണിയെ പരാജയപ്പെടുത്തുന്നതും സ്വപ്നം കണ്ട നേതാവായിരുന്നു കെ സുധാകരൻ. പിണറായി വിജയനെ താഴെയിറക്കിയ ശേഷമേ അധ്യക്ഷസ്ഥാനം ഒഴിയൂ എന്ന് പരസ്യമായി പോലും പറയാൻ അദ്ദേഹം തയ്യാറായതും അതിനാലാണ്. എന്നാൽ, കെ സുധാകരനെ കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും ഒഴിവാക്കിയേ തീരൂ എന്നത് ശക്തരായ ചില നേതാക്കളുടെ തീരുമാനമായിരുന്നു. താൻ ഒഴിഞ്ഞാൽ തന്റെ അനുയായി എന്ന നിബന്ധന കെ സുധാകരൻ മുന്നോട്ടുവെച്ചപ്പോൾ അതും അംഗീകരിക്കപ്പെട്ടു. കെ സുധാകരൻ ഇനി പാർട്ടി വിട്ടാലും കണ്ണൂരിലെ കോൺഗ്രസ് അപ്പാടെ ഇനി സുധാകരനൊപ്പം പോകില്ലല്ലോ എന്ന ആശ്വാസവും നേതാക്കൾക്കുണ്ട്.
എന്നാൽ, കോൺഗ്രസ് നേതാക്കൾക്കിടയിൽ വളർന്നുവരുന്ന തർക്കങ്ങൾ പരിഹരിക്കാൻ പുതിയ കെപിസിസി അധ്യക്ഷന് കഴിയുമോ എന്നതിലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയസാധ്യതയുള്ളത്. കോൺഗ്രസുകാരായ ആറ് നേതാക്കൾ കൂടിയാൽ നൂറ് അഭിപ്രായം വരുന്ന കാലത്ത് അവയെല്ലാം കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകേണ്ടത് കെപിസിസി പ്രസിഡന്റാണ്. സഭയുടെ വോട്ട് കണ്ട് മാത്രം പുതിയ നേതൃത്വത്തെ നിയോഗിച്ചാൽ എന്ത് സംഭവിക്കുമെന്നറിയാൻ നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാക്കണം.











